കാൽഗറി നഗരത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടിത സാമ്പത്തിക കുറ്റകൃത്യ സംഘങ്ങളുമായി ബന്ധപ്പെട്ട് രണ്ടുപേരെ കാൽഗറി പോലീസ് അറസ്റ്റ് ചെയ്തു. 23 വയസ്സുള്ള കനൂരീത് കൗർ, പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരൻ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കേസിലെ ഇരയുടെ സ്വകാര്യ വിവരങ്ങൾ കുറ്റവാളികൾക്ക് ചോർത്തി നൽകിയതിലാണ് കനൂരീത് കൗറിനെതിരെ കേസെടുത്തിട്ടുള്ളത്. ഈ സംഭവ പരമ്പരയുമായി ബന്ധമുള്ള 21 വയസ്സുകാരനായ തൻവീർ സിങ്ങിനായി പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം ആരംഭിക്കുന്നത്. നഗരത്തിലെ ഒരു വനിതാ സംരംഭകയ്ക്ക് വാട്സ്ആപ്പ് വഴി നിരന്തരം ഭീഷണി സന്ദേശങ്ങൾ ലഭിക്കുകയും വലിയ തുക ആവശ്യപ്പെടുകയുമായിരുന്നു. പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് മണിക്കൂറുകൾക്കകം ഇവരുടെ വസതിക്ക് നേരെ പ്രതികൾ വെടിയുതിർത്തു. തുടർന്ന് സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ ഫോറൻസിക് തെളിവുകളും വിശകലനം ചെയ്താണ് പോലീസ് കേസ് തെളിയിച്ചത്.
വിദ്യാഭ്യാസ, തൊഴിൽ വിസകളിൽ രാജ്യത്തെത്തുന്ന പുതിയ കുടിയേറ്റക്കാരുടെ സാമ്പത്തിക പ്രയാസങ്ങൾ മുതലെടുത്ത് മാഫിയാ സംഘങ്ങൾ ഇവരെ കുറ്റകൃത്യങ്ങളിൽ പങ്കാളികളാക്കാൻ ശ്രമിക്കുന്നതായി പൊലീസ് പറഞ്ഞു. നഗരത്തിൽ സമാനമായ 51 പണംതട്ടൽ സംഭവങ്ങളും 19 വെടിവെപ്പുകളും സമീപകാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സംഘടിത മാഫിയകളിൽ നിന്നും സമ്മർദ്ദമുണ്ടായാൽ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു